എം. എൽ. എ യുടെ ഇടപെടൽ തിരൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക്
സി. മമ്മുട്ടി എം. എൽ.എയുടെ ഇടപെടലിനെ തുടർന്ന് ആർദ്രം മിഷനിൽ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റിയാക്കി ഉയർത്തുന്നതിന് ഉത്തരവായിരുന്നുവെങ്കിലും സർക്കാർ തുടർ നടപടി കളൊന്നും സ്വീകരിച്ചിരുന്നില്ല.
തിരൂർ :മുൻ സർക്കാർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന തിരൂർ ജില്ലാ ആശുപത്രിയിൽ എത്രയും വേഗം സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം കൊണ്ടു വരുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.
കുറുക്കോളി മൊയ്‌തീൻ എം. എൽ. എ യുടെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നേരത്തെ സി. മമ്മുട്ടി എം. എൽ.എയുടെ ഇടപെടലിനെ തുടർന്ന് ആർദ്രം മിഷനിൽ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റിയാക്കി ഉയർത്തുന്നതിന് ഉത്തരവായിരുന്നുവെങ്കിലും സർക്കാർ തുടർ നടപടി കളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ അഭ്യർത്ഥന പ്രകാരം പുതിയ എം. എൽ. എ കുറുക്കോളി മൊയ്‌തീൻ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റയുടൻ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക തീരുമാനം അറിയുന്നതിന് വേണ്ടി സഭയിൽ എം. എൽ. എ ഇക്കാര്യം സബ്‌മിഷനായി ഉന്നയിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി.
നിലവിൽ 13 ഓളം സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ പുതിയ സ്റ്റാഫ് പാറ്റേണും കാത്ത്ലാബ് ഉൾപ്പെടെയുള്ള പുതിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ജില്ലാ പഞ്ചായത്ത് തുടങ്ങി വെച്ചിട്ടുള്ള മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനും ആശുപത്രിയെ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മെമ്പർ ഫൈസൽ എടശ്ശേരി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി എന്നിവർ പറഞ്ഞു.