വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്:അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി എസ് എച്ച് ഓ പി എം ഷമീറാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്.

2020 ലാണ് കേസിനാസ്പദമായ സംഭവം. കോവിഡ് പരിശോധന ടെസ്റ്റ് നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

കോഴിക്കോട് ആസ്ഥാനമായുള്ള ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അർമ ലബോറട്ടറി ഓഗസ്റ്റ് 16 മുതൽ കോവിഡ് പരിശോധനക്കായി 2500 പേരിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായി കണ്ടെത്തി.

എന്നിൽ ഇതിൽ 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് അയച്ച് നൽകിയിരുന്നത്. ബാക്കി സാമ്പിളുകൾ അർമ ലാബിൽ തന്നെ നശിപ്പിച്ച് കോഴിക്കോട് ലാബിന്റെ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമിച്ച് നൽകുകയായിരുന്നു.

ഇത്തരത്തിൽ പരിശോധന പോലും നടത്താതെ ടെസ്റ്റിന് 2750 രൂപ വീതം രണ്ടായിരത്തോളം ആളുകളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. അരക്കോടിയോളം രൂപ തട്ടിയെടുത്ത വിവരം പുറം ലോകമറിഞ്ഞതോടെ വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ അന്വേഷണമാണ്നടന്നത്.കേസില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് ഉടമ സുനില്‍ സാദത്തിന്റെ മകനും നടത്തിപ്പുകാരനുമായ ചെര്‍പ്പുളശ്ശേരി തൂത സ്വദേശി സജിത്ത് എസ് സാദത്ത്,കൂട്ട് പ്രതി മുഹമ്മദ് ഉനൈസ്,ലാബ് ജീവനക്കാരന്‍ അബ്ദുള്‍ നാസര്‍ എന്നിവരെ പിടികൂടിയിരുന്നത്.

ലാബ് ഉടമയായ സുനില്‍ സാദത്ത് ഈ കാലയളവില്‍ ഒളിവില്‍ പോവുകയും ചെയ്തു.കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് സുനില്‍ സാദച്ച് മുന്‍കൂര്‍ ജാമ്യത്തിനിയി ഹൈകോടതിയെ സമീപിച്ചത്.കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് മാത്രം ഒന്നാം പ്രതിയായ സുനില്‍സാദത്തിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി രണ്ട് ആള്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായപ്പോഴാണ് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്.

പ്രതിയെ വളാഞ്ചേരി കൊളമംഗലത്തെ ലാബിലെത്തിച്ച് തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാക്കി.വളാഞ്ചേരി എസ്.എച്ച്.ഓ പി.എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.നേരത്തെ ലാബില്‍ നിന്നുള്ള രേഖകളെല്ലാം പോലീസ് കണ്ടുകെട്ടി,ലാബ് സീല്‍ ചെയ്തിരുന്നു.