കൊടകര കുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

 

കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.

 

കവ‍ർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രഞ്ജിത്ത് ആലോചിച്ചത്. രജിൻ ചെയ്ത സഹായങ്ങൾക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.

 

​​​​ബി ജെ പി നേതാക്കൾ അന്വേഷണം നേരിടുന്ന കേസിൽ സി പി എം പ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സർക്കാരിനേയും സി പി എമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും. കുഴൽപ്പണം കവർച്ച ചെയ്‌ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെയടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

കൊടകരയില്‍ കണ്ടെത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പിനായി തെക്കന്‍ കേരളത്തിലേക്ക് കടത്തിയ പണം എന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പൊലീസ് എഫ്ഐആർ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളിൽ കാണിക്കുന്ന താൽപ്പര്യം കൊടകരയിൽ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.

ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയിലും ഹർജിയെത്തി. ഇതിനിടെയാണ് കേസ് തങ്ങളുടെ പരിധിയിൽ വരുമോ എന്ന പ്രാഥമിക പരിശോധന ഇഡി തുടങ്ങിയത്. നിലവിൽ കുഴൽപ്പണ കേസിന് വിദേശ ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എഫ്ഐആറിൽ 25 ലക്ഷം രൂപ കാണാതായെന്നാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പിഎംഎൽഎ അക്ട് അനുസരിച്ച് കേസ് നിലനിൽക്കുമോ എന്നാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.