സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ച പറ്റി: ബിജെപി കോർകമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും .യോഗത്തിൽ അഭിപ്രായമുയർന്നു.

തിരുവനന്തപുരം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തോൽവി,​ കുഴൽപ്പണക്കേസ് തുടങ്ങിയ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും ആവശ്യമുയർന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായെന്നും യോഗത്തിൽ വിമർശനമുയർന്നതായാണ് റിപ്പോർട്ട്. . പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിർത്തിയെന്നും ആരോപണമുയർന്നു. തീർത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ. സുരേന്ദ്രൻ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്. കൊടകര കുഴൽപ്പണ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത് സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും .യോഗത്തിൽ അഭിപ്രായമുയർന്നു.