ലോകം ഉറ്റുനോക്കുന്നു,​ ഈ ദേശാടനം,​ ആനക്കൂട്ടത്തിന്റെ യാത്ര വൈറലാകുന്നു

ചൈനയിൽ ഒരാനക്കൂട്ടത്തിന്റെ ‘ദേശാടനം’ വൈറലാകുന്നു. കൊമ്പനാനകളും പിടിയാനകളും കുട്ടിയാനകളും ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘം തെക്കൻ യുനാൻ പ്രവിശ്യയിലെ സി ഷാങ് ബന്ന വന്യജീവി സങ്കേതത്തിൽ നിന്ന് കഴിഞ്ഞ വർഷം പകുതിക്കു മുൻപുതന്നെ യാത്ര തുടങ്ങിയിരിക്കാമെന്നാണ് സി.എൻ.എൻ റിപ്പോർട്ട്.

ഒരാഴ്ച മുമ്പ് യുനാൻ പ്രവിശ്യയിലെ കുൻമിങിലെത്തിയ സംഘം 500 കിലോമീറ്ററിലേറെ സഞ്ചരിച്ചിട്ടുണ്ട്. കടന്നുപോയ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ചൈനീസ് അധികൃതർ ഡസൻ കണക്കിന് ഡ്രോണുകൾ ഉൾപ്പെടെ വൻ സന്നാഹവുമായി ആനക്കൂട്ടത്തെ നിരീക്ഷിക്കുന്നു. ഇതിനിടെ കുൻമിങിൽ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ആനക്കൂട്ടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

ചൈനീസ് ടിവി ആനകളുടെ യാത്ര ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലും ആന വിശേഷങ്ങളാണ് നിറയെ. ആനക്കൂട്ടത്തിന്റെ സഞ്ചാരപാതയിലെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

നിരീക്ഷണത്തിന് 24 മണിക്കൂർ കമാൻഡ് സെന്ററും പ്രവർത്തിക്കുന്നു.