ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ഉദ്ഘാടനം ചെയ്ത‍ു.

തിരൂർ: ക‍ൂട്ടായി എം എം എം ഹയർസെക്കന്ററി സ്‍ക‍ൂളിൽ മ‍ുഴ‍ുവൻ ക‍ുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പ‍ുവര‍ുത്ത‍ുന്നതിനായി ആരംഭിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്ത‍ു.

 

തീരദേശമേഖലയിൽ ഏറ്റവും ക‍ൂട‍ുതൽ വിദ്യാർത്ഥികൾ പഠിക്ക‍ുന്ന ഈ വിദ്യാലയത്തിൽ ആദ്യഘട്ടത്തിലെ കണക്ക‍ുകളനുസരിച്ച് 200 ലധികം ക‍ുട്ടികൾ ഓൺലൈൻ പഠനത്തിന് വെളിയിൽ ആണെന്ന് മനസ്സിലാക്കിയ അധ്യാപകർ നിരന്തരം ഇടപെട്ടതിനെ ത‍ുടർന്ന് ഇത്തരം കുട്ടികള‍ുടെ എണ്ണം 150 ആയി ച‍ുര‍ുങ്ങി.

ത‍ുടർന്ന് ഒര‍ു ക‍ുട്ടി പോലും ഓൺലൈൻ പഠനത്തിൽ നിന്ന് വിട്ട‍ുനിൽക്കാൻ പാടില്ല എന്ന ആഗ്രഹത്തിൽ നിന്ന് ഉര‍ുത്തിരിഞ്ഞ ആശയമാണ് ഡിജിറ്റൽ ഡിവൈസ് ലൈബ്രറി. പ്രാരംഭഘട്ടത്തിൽ അധ്യാപകർ ചേർന്ന് സമാഹരിച്ച് 60 സ്മാർട്ട് ഫോണുകള‍ുമായിട്ടാണ് ലൈബ്രറി പ്രവർത്തനം ത‍ുടങ്ങ‍ുന്നത്. രജിസ്റ്റർ ചെയ്ത ക‍ുട്ടികള‍ുടെ വീട‍ുകൾ സന്ദർശിച്ച് അധ്യാപകർ അർഹരായ ക‍ുട്ടികൾക്ക് ലൈബ്രറിയിൽ അംഗത്വം കൊടുക്ക‍ുന്നു. അവർക്ക് സ്‍ക‍ൂളിൽനിന്ന് പഠനാവശ്യത്തിന് ഫോണ‍ുകൾ കൊണ്ടുപോയി അധ്യയനവർഷത്തിന്റെ അവസാനം വരെ ഉപയോഗിക്കാം. അതിന‍ുശേഷം സ്‍ക‍ൂളിൽ ഇവ തിരിച്ചേൽപ്പിക്കണം.

 

വെള്ളിയാഴ്ച സ്‍ക‍ൂളിൽ വച്ച് നടന്ന ചടങ്ങിൽ മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. പി. ക‍ുഞ്ഞ‍ൂട്ടി ലൈബ്രറി ഉദ്ഘാടനം ചെയ്ത‍ു. ഹൈസ്ക‍ൂൾ പ്രധാനാധ്യാപകൻ ബിന്ദുലാൽ മാസ്റ്റർ സ്‍ക‍ൂൾതല പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട് എം പി മജീദ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റാഫി മാസ്റ്റർ, വാർഡ് മെമ്പർ എം. പി. നഫീസമോൾ, അധ്യാപക പ്രതിനിധി ബ്രജേഷ്. കെ എന്നിവർ സംസാരിച്ച‍ു.

 

തീരദേശമേഖലയിലെ ഈ വിദ്യാലയത്തിൽ അർഹതപ്പെട്ട കുട്ടികൾ ഇനിയും ഏറെയാണ്. അവരെ കണ്ടെത്തിയിട്ട‍ുണ്ട്. വ്യക്തികള‍ുടെയും സന്നദ്ധസംഘടനകള‍ുടെയും സ്പോൺസർഷിപ്പില‍ൂടെ ബാക്കിയ‍ുള്ള ഈ ക‍ുട്ടികൾക്ക് ക‍ൂടി ഓൺലൈൻ പഠന സൗകര്യം ഒര‍ുക്ക‍ുന്നതിനുള്ള ശ്രമത്തിലാണ് സ്‍ക‍ൂൾ അധികൃതർ.