കൊച്ചു കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; 1080 ഗാർഹിക പീഡനക്കേസ്.

കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ നമ്മുടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. നടൻ രാജൻ പി ദേവിന്റെ മകൻ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉൾപ്പെടെ നിരവധി കേസുകൾ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.

 

2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ൽ 12ഉം 18ൽ 17ഉം പേർ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേർക്കു വീതവും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വർഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

2016-ൽ 3,455 കേസുകളും 2017-ൽ 2,856 കേസുകളും 2018-ൽ 2,046 കേസുകളും രജിസ്റ്റർ ചെയ്തു. 2019-ൽ 2,991 കേസുകളും 2010-ൽ 2,715 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളാണുള്ളത്. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ പൊലീസും സർക്കാരും നടപ്പിലാക്കുന്നുണ്ട്. കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

 

വിസ്മയയെ മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ് കിരൺ; വാതിൽ ചവിട്ടിത്തുറന്നപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടെന്നും മൊഴി

വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും ചിത്രങ്ങളിലുള്ളത് താൻ മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ പൊലീസിന് മൊഴി നൽകി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസിസ്റ്റന്‌റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

 

കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ ഭര്‍ത്താവും അസിസ്റ്റന്‍ഡ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലം മോട്ടര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായരുന്നു കിരണ്‍ കുമാര്‍. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

 

അതേസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിസ്മമയയുടെത് കൊലപാതകം തന്നെയെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഒരുങ്ങുന്നത്.