അർഹിക്കാത്ത റേഷൻ കാർഡ് പണി തരും: 2018 മുതലുള്ള കമ്പോളവില ഈടാക്കും

അർഹതയില്ലാതെ പ്രത്യേക പരിഗണനയുള്ള റേഷൻ കാർഡുകൾ കൈവശം വെക്കുന്നവർ ഈ മാസം തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കൈപൊള്ളും. 2018 ജൂൺ മുതൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ ഇപ്പോഴത്തെ കമ്പോള വില കണക്കാക്കി തിരികെ അടക്കേണ്ടിവരും.നാല് രൂപക്ക് വാങ്ങിയ അരിക്ക് പൊതുവിപണിയിൽ ഇപ്പോൾ നിലവിലുള്ള 35 രൂപ തോതിൽ തിരിച്ചടക്കേണ്ടിവരുമെന്നാണ് സർക്കാർ ഉത്തരവ്.

തെറ്റായ വിവരങ്ങൾ നൽകി അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ഈ മാസം 17 ന് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തിന് അനുവദനീയമായ എ എ വൈ, മുൻഗണനാ ഒഴിവുകൾ പരിമിതമായതിനാലാണ് സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകൾക്ക് അനുസൃതമായി അനർഹരെ റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കുന്നത്. അനർഹർ എന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക് ജൂൺ 30 ന് ശേഷം ഇളവ് നൽകേണ്ടതില്ലെന്ന് നിദ്ദേശം. റേഷൻ കാർഡ് ഉടമകൾ അതാത് താലൂക്ക് സപ്ലൈ ആഫീസുകളിൽ കാർഡുകൾ സമർപ്പിക്കണമെന്നാണ് നിദ്ദേശിച്ചിട്ടുള്ളത്.

 

അനർഹർ ഇവർ

 

  • സർക്കാർ,അർദ്ധ സർക്കാർ,പൊതുമേഖല,ബാങ്കിംഗ് മേഖലകളിൽ ജോലിചെയ്യുന്നവർ, സർവ്വീസ് പെൻഷൻ വാങ്ങുന്നവർ.

 

  • 1000 ചതുരശ്ര അടിയ്ക്കുമുകളിൽ വിസ്തീർണ്ണമുളള വീടുളളവർ

 

  • നാല്ചക്ര വാഹനമുളള, 25000 രൂപയ്ക്ക്മുകളിൽ മാസ വരുമാനമുളളവർ.

 

  • ആദായ നികുതി അടക്കുന്നവർ

 

  • ഒരുഏക്കറിൽ കൂടുതൽ ഭൂമിയുളളവർ