വിസ്മയ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്.

തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്കാണ്.

ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ വി.നായർ(മാളു 24) ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നാണ് സൂചന. ജീവനോടെ കെട്ടിത്തൂക്കി കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടെങ്കിലും സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്കാണ്.

അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി ഭർത്താവ് കിരൺകുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി പരിശോധിച്ചു്. കിടപ്പുമുറിയിലും ചേർന്നുള്ള ശുചിമുറിയിലും ഐജി നേരിട്ട് വിശദമായി പരിശോധന നടത്തിയിരുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി അവിശ്വസനീയമാണ്.

കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴി അനുസരിച്ച് നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്ന മൊഴിയും അംഗീകരിക്കാൻ കഴിയില്ല. വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും പൊലീസിനെ ചിന്തിപ്പിക്കുന്നുണ്ട്.

കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങൾക്കു സ്ഥിരീകരണം ഉണ്ടാക്കിയതിനു ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജനെ, കിരൺകുമാറിന്റെ വീട്ടിലെത്തിച്ചു പരിശോധന നടത്തും. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാക സാധ്യത ഒളിച്ചിരിക്കുന്നതു കൊണ്ടാണ് ഇത്.

തിങ്കളാഴ്ച പുലർച്ചെയാണ് വിസ്മയയെ ഭർത്താവ് കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചാന്ദ്രാലയത്തിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് എന്നാണ് പറയുന്നത്. സ്ത്രീധനപീഡന പരാതി ഉയർന്നതിനാൽ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. കിരണിന്റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഡോക്ടർമാരുടെ മൊഴിയും വിലയിരുത്തിയാകും ആത്മഹത്യയാണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക.

വിസ്മയയെ നേരത്തെയും കിരൺ മർദിച്ചിരുന്നതായി ചില സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പടുത്തും. ജനുവരി അഞ്ചിന് അച്ഛനമ്മമാരുടെ മുന്നിലിട്ട് മർദിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം വ്യാഴാഴ്ച ഐജിക്ക് പരാതി അയച്ചു. ചടയമംഗലം പൊലീസ് ഒത്തുതീർപ്പാക്കിയ കേസാണിത്. കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണംസൂക്ഷിച്ച എസ്‌ബിഐ ശാസ്താംനട ശാഖയിലെ ലോക്കറും മുദ്രവച്ചു.

സ്ത്രീധനമായി വിസ്മയയുടെ മാതാപിതാക്കൾ നൽകിയ കാറും സ്വർണവും തൊണ്ടി മുതലാവും.സംഭവത്തിൽ കിരൺകുമാറിന്റെ ബന്ധുക്കൾക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി പറഞ്ഞു.