കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്; അമ്പലപ്പറമ്പ് വരെ ഭാഗങ്ങള്‍ മൂന്ന് മാസത്തിനകം ഗതാഗത യോഗ്യമാക്കും

എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും കരാറുകാരനെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു

കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും കരാറുകാരനെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിനകം കഞ്ഞിപ്പുര മുതല്‍ അമ്പലപ്പറമ്പ് വരെ ഭാഗങ്ങള്‍ ഉടനടി ഗതാഗത യോഗ്യമാക്കുമെന്നും യോഗത്തിന് ശേഷം എം.എല്‍.എ അറിയിച്ചു. കുറ്റിപ്പുറം ബോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എം.എല്‍.എയും ഉദ്യോഗസ്ഥ സംഘവും പദ്ധതി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ 21ന് വീണ്ടും യോഗം ചേരുമെന്ന് എം.എല്‍.എ അറിയിച്ചു. റോഡ് അലൈന്‍മെന്റും പാര്‍ശ്വഭിത്തികളും സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി തിരുവനന്തപുരത്തെ ഡിസൈന്‍ വിങുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന നടത്തും. അമ്പലപ്പറമ്പ് മൂതല്‍ മൂടാല്‍ വരെയുള്ള സ്ഥലത്ത് ഇലക്ട്രിക് പോസ്റ്റുകളും കുടിവെള്ള പൈപ്പ് ലൈനുകളുമുള്‍പ്പെടെ മാറ്റേണ്ടി വരുന്നതിനാല്‍ എസ്റ്റിമേറ്റ് ലഭ്യമാക്കി റിവൈസ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

 

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹീം, കൗണ്‍സിലര്‍ ആബിദ മന്‍സൂര്‍, സലാം വളാഞ്ചേരി, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്റഫ് എ.പി.എം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ജോമോന്‍ താമസ്, വിമല്‍രാജ് എന്നിവര്‍ പങ്കെടുത്തു.