രേഖകളില്ലാത്ത പണവുമായി വളാഞ്ചേരിയിൽ മൂന്നുപേർ പിടിയിൽ
വളാഞ്ചേരി വലിയകുന്ന് കുഞ്ഞുട്ടി സദനത്തിൽ വിജയൻ (55), വേങ്ങര അരീക്കുളം റോഡ് കുന്നൻവീട്ടിൽ അബ്ദുൾനാസർ (48), വേങ്ങര കൊഴിഞ്ഞിക്കോടൻ വീട്ടിൽ അൻവർ സാദിക് (38) എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി: രേഖകളില്ലാത്ത പത്തുലക്ഷത്തോളം രൂപയുമായി മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി വലിയകുന്ന് കുഞ്ഞുട്ടി സദനത്തിൽ വിജയൻ (55), വേങ്ങര അരീക്കുളം റോഡ് കുന്നൻവീട്ടിൽ അബ്ദുൾനാസർ (48), വേങ്ങര കൊഴിഞ്ഞിക്കോടൻ വീട്ടിൽ അൻവർ സാദിക് (38) എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി നഗരത്തിൽ പട്ടാമ്പി റോഡിലെ പെട്രോൾപമ്പിലാണ് പണം സൂക്ഷിച്ചതെന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എം. ഷമീർ പറഞ്ഞു.
എ.ടി.എം. കളവുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി പോലീസെടുത്ത കേസിനെത്തുടർന്നാണ് ഇവർ പിടിയിലായത്. ഈ കേസിന്റെ അന്വേഷണത്തിനിടെ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് പണത്തിന്റെ ഉറവിടത്തെപ്പറ്റി വളാഞ്ചേരി പോലീസ് അന്വേഷണംനടത്തി. തുടർന്ന് പണമെത്തിച്ച രണ്ടുപേരെയും അവർ വന്ന കാറും കസ്റ്റഡിയിലെടുത്തു. പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.