കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
കരിപ്പൂർ: കഴിഞ്ഞ ദിവസം വ്യത്യസ്ത വിമാനങ്ങളിൽ എത്തിയ 2 യാത്രക്കാർ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 87 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസും 27 ലക്ഷം രൂപയുടെ സ്വർണം ഡിആർഐക്കു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ആണു കണ്ടെടുത്തത്.
ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ കോഴിക്കോട്ടെത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സൈഫുദ്ദീൻ (30) ശരീരത്തിൽ ഒളിപ്പിച്ച 1.145 സ്വർണമിശ്രിതമാണു പ്രിവന്റീവ് കസ്റ്റംസ് കണ്ടെടുത്തത്. ഇതിൽനിന്ന് 1.05 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഏകദേശം 60 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണർ കെ.വി.രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ.പ്രവീൺകുമാർ, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ ഇ.വി.മോഹനൻ,
എം.സന്തോഷ് കുമാർ എന്നിവരാണു സ്വർണം കണ്ടെടുത്തത്. ഡിആർഐക്കു ലഭിച്ച വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ അബുദാബിയിൽനിന്ന് എത്തിയ മലപ്പുറം പുലാമന്തോൾ സ്വദേശി മുഹമ്മദ് ഫൈസൽ (35) ശരീരത്തിൽ ഒളിപ്പിച്ച 685 ഗ്രാം സ്വർണമിശ്രിതം പിടികൂടി. അസിസ്റ്റന്റ് കമ്മിഷണർ വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ.സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേം പ്രകാശ്, ഇൻസ്പെക്ടർമാരായ ടി.മിനിമോൾ, സുമൻ ഗോദ്ര, കെ.രാജീവ്, ചേതൻ ഗുപ്ത, ഹെഡ് ഹവിൽദാർ എം.എൽ.രവീന്ദ്രൻ എന്നിവരാണു കണ്ടെടുത്തത്.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം
കരിപ്പൂർ: സ്വർണക്കടത്തു തടയാൻ കോഴിക്കോട് വിമാനത്താവളത്തിനകത്തും പുറത്തും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം ശക്തമാക്കി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന്റെ നിർദേശപ്രകാരമാണു നടപടി. ഇന്നലെ 2 യാത്രക്കാരിൽനിന്നു സ്വർണം പിടികൂടിയതു രഹസ്യ വിവരം ലഭിച്ചതിനെത്തെത്തുടർന്നായിരുന്നു. വിമാനത്താവളത്തിൽ സ്ഥാപിച്ച ലോഹ പരിശോധനാ കവാടം വഴി പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണു പ്രിവന്റീവ് കസ്റ്റംസ് ഒരു കിലോഗ്രാമിലേറെയുള്ള മിശ്രിത രൂപത്തിലാക്കിയ സ്വർണം കണ്ടെടുത്തത്.