വണ്ടൂരിൽ ഭാര്യയെയും 4 കുഞ്ഞുങ്ങളെയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയ സംഭവം; ഭർത്താവ് ഷമീർ അറസ്റ്റിൽ

മലപ്പുറം: തിരുവാലിയിൽ മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും വീട്ടിൽ നിന്ന് അടിച്ചിറക്കിയ സംഭവത്തിൽ ഭർത്താവ് തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പൻ ഷമീറിനെ വണ്ടൂർ പോലീസ് അറസ്റ്റു ചെയ്തു.

സ്ത്രീകൾക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കൽ, കുട്ടികൾക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയേ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

 

സ്ഥിരം മദ്യപാനിയായ ഷമീർ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് വീട്ടിൽ നിന്ന് റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. നാലു മക്കളിൽ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുണ്ടായിരുന്നത്. 50 വയസുള്ള ഭാര്യ മാതാവിനേയും ഇവർക്കൊപ്പം ഇറക്കിവിട്ടു. രാത്രി 10 മണിയോടെ റോഡിലേക്കിറങ്ങിയ ഇവർ ആശ പ്രവർത്തകരേ ബന്ധപ്പെട്ടാണ് മലപ്പുറം സ്നേഹിതയിലേക്കെത്തിയത്. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതി വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.