ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേർത്തു; മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ

തിരുവല്ല: ജവാൻ റം ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ടാങ്കര്‍ ഡ്രൈവര്‍മാരായ ഇടുക്കി സ്വദേശി സിജോ, തൃശൂർ സ്വദേശി നന്ദകുമാർ, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളാണ്. ടാങ്കറുകളിൽ നിന്നും 10 ലക്ഷത്തിൽ അധികം രൂപയും കണ്ടെത്തി.

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ക്രമക്കേട് എന്നാണ് സൂചന. ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, മാനേജര്‍ യു.ഷാഹിം. പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി, മധ്യപ്രദേശ് സ്വദേശി അബു എന്നിവരാണ് എക്സൈസ് എഫ് ഐ ആർ പ്രകാരം നാലു മുതൽ ഏഴുവരെ പ്രതികൾ. എക്സൈസ് കേസ് പൊലീസിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന 20386 ലിറ്റർ സ്പിരിറ്റ് മൂന്നു മുതൽ ആറു വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികൾ ഏഴാം പ്രതിക്ക് വിറ്റു എന്നാണ് കേസ്. പ്രതികൾക്കെതിരെ മോഷണത്തിന് കേസെടുത്തു.

“അറസ്റ്റ് ചെയ്ത മൂന്നുപേരെയും ഉടൻ കോടതിയിൽ ഹാജരാക്കും.എക്‌സ്‌സൈസ് നൽകിയ റിപ്പോർട്ട് പ്രകാരം ഏഴു പേരാണ് എഫ് ഐ ആറിൽ പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്,” – പുളിക്കീഴ് സിഐ ബിജു വി നായർ മാധ്യമങ്ങളോട് പറഞ്ഞു

രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്‌സൈസ് കണ്ടെടുത്തു. ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്‌സൈസിന് നല്‍കിയ മൊഴി.

 

മദ്യപാനികൾക്ക് പ്രിയമായ ജവാൻ റം ഉല്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.

മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോൾ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.

അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ അടക്കം 7 പേരെ പ്രതി ചേർത്തത് .

വര്‍ഷങ്ങളായി ഈ തട്ടിപ്പു തുടരുകയാണെന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള ആളാണ് അലക്സ് പി ഏബ്രാഹം എന്നാണ് വിവരം. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.

ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍മുതല്‍ വാഹനങ്ങള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്ജില്‍ ടാങ്കര്‍ലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. മുന്‍പ് ഇതിനു പകരം വെള്ളം ചേര്‍ത്തെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.