വിമാനത്താവളത്തിലെ ചവറ്റുകൊട്ടയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിനകത്ത് നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് എയര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന തുടരുകയാണ്.
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് കണ്ണൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് വിമാനത്താവളത്തില്‍ സ്വര്‍ണം ഒളിപ്പിച്ച വിവരം അറിയിച്ചത്. രാമനാട്ടുകര സ്വര്‍ണക്കടത്തിലെ ഏതെങ്കിലും പ്രതിയില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് സൂചന.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഷാഫിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപും മറ്റു സുപ്രധാന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഏഴാം തിയതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.