രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.
മെയ് നാലിന് ശേഷമുള്ള 34-ാമത്തെ വില വർധനവാണ് പൊതുമേഖലാ എണ്ണകമ്പനികൾ ഇന്ന് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ വില 101 രൂപ 14 പൈസയായി. കോഴിക്കോട് പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. 99.65 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.
രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോള്‍, ഡീസല്‍ വില മൂന്നക്കം കടന്നു. വെള്ളിയാഴ്ച 33 പൈസ മുതല്‍ 37 പൈസ വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോളിന് കൂടിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡിഷ, തമിഴ്നാട്, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറിന് മുകളിലെത്തിയത്.
രണ്ട് മാസത്തിനുള്ളിൽ 34-ാം വർധനവാണ് ഡൽഹിയിൽ പെട്രോൾ വിലയിൽ ഉണ്ടാകുന്നത്. ഇന്ന് പെട്രോൾ ലിറ്ററിന് 99.22 രൂപയായത്. ഡീസലിന് ലിറ്ററിന് 89.23 രൂപയാണ് വിലയെന്ന് ഭാരത് പെട്രോളിയം അറിയിച്ചു. പെട്രോൾ വില ഇതുവരെ 100 രൂപ കടക്കാത്ത രണ്ട് മെട്രോ നഗരങ്ങളിൽ ഒന്നാണ് ദേശീയ തലസ്ഥാനം. മറ്റൊന്ന് കൊൽക്കത്തയാണ്. കൊൽക്കത്തയിൽ പെട്രോളിന്റെ വില ലിറ്ററിന് 99.10 രൂപയായും ഡീസലിന് ലിറ്ററിന് 92.08 രൂപയുമായി.
മറ്റ് മെട്രോ നഗരങ്ങളായ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ പെട്രോൾ വില ജൂണിൽ തന്നെ 100 രൂപ കടന്നിരുന്നു. മുംബൈയിൽ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിരക്കായ ലിറ്ററിന് 105.30 രൂപയിലെത്തി. മെയ് 29 നാണ് മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ എത്തിയത്. ഇതോടെ 100 രൂപയ്ക്ക് പെട്രോൾ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി മുംബൈ മാറിയിരുന്നു. ഇന്ന് തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലും ഇന്ധനവിലയിൽ വർധനയുണ്ടായി. ചെന്നൈയിൽ പെട്രോളിന്റെ വില ലിറ്ററിന് 100.18 രൂപയും ഡീസലിന് 93.77 രൂപയുമാണ്.
വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് രാജസ്ഥാൻ ഈടാക്കുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയാണ് തൊട്ടുപിന്നിൽ.
രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ നിരക്ക് ശ്രീ ഗംഗനഗറിലും രാജസ്ഥാനിലെ ഹനുമംഗഡിലും ഒഡീഷയിലെ ചില സ്ഥലങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായിട്ടുണ്ട്.
കേരളം, പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനങ്ങൾ നിരക്ക് വർദ്ധന 18 ദിവസം നടപ്പാക്കിയിരുന്നില്ല. മെയ് നാലിന് ശേഷമുള്ള 34-ാമത്തെ വില വർധനവാണ് പൊതുമേഖലാ എണ്ണകമ്പനികൾ ഇന്ന് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസങ്ങത്തെ അന്താരാഷ്ട്ര വിപണിയി ക്രൂഡ് ഓയിൽ വില നിലവാരത്തെയും വിദേശനാണ്യ വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികൾ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്.