ഒന്നരവയസുകാരന് വേണം 18 കോടിയുടെ മരുന്ന്, ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്
പഴയങ്ങാടി: കല്യാശേരി എം. എൽ. എ എം. വിജിന്റെ ഫോണിന് നാല് ദിവസമായി വിശ്രമമില്ല.
വിദേശത്ത് നിന്നെത്തുന്ന വിളികളിലേറെയും സഹായം വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ 44 മില്ലി മരുന്നു വേണം. അത് അമേരിക്കയിൽ നിന്നെത്തിക്കണം. വില പതിനെട്ടു കോടി.
മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നായ സോൾജെൻസ്മ ആവശ്യമായി വന്നിരിക്കുന്നത്.
വിജിൻ ചികിത്സാ കമ്മിറ്റിയുടെ രക്ഷാധികാരിയായതിനാൽ അദ്ദേഹത്തെ വിളിച്ചാണ് മിക്കവരും തുക വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്യം നിറവേറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചികിത്സാ കമ്മിറ്റി.
മാട്ടൂൽ സെൻട്രലിലെ പി.കെ. റഫീഖ്- മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകൾ അഫ്രയും ഇളയ മകൻ മുഹമ്മദും സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ്. മുഹമ്മദിന്റെ ജീവനെങ്കിലും രക്ഷിക്കാനാണ് ഈ മരുന്നിന്റെ തുകയ്ക്കായി ഒരു ഗ്രാമം മുന്നിട്ടിറങ്ങുന്നത്.
എന്നെ മറന്നേക്കൂ, കുഞ്ഞനുജനെ രക്ഷിക്കണം
15 വയസുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. മാതാപിതാക്കൾ മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടു. രണ്ട് വയസിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാകുകയുള്ളൂ. നാലാമത്തെ വയസിലാണ് മൂത്തമകൾ അഫ്രക്ക് സ്‌പൈനൽ മസ്‌കുലർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുകയാണ് കുട്ടി. കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർത്ഥനയിലാണ് അഫ്ര.
മരുന്ന് കിട്ടിയാൽ രക്ഷപ്പെടും
മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ പിതാവ് റഫീഖ് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തിന് മകന്റെ ജീവൻ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെകുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി അൻസില രണ്ടുകുട്ടികളുടെയും വേദന കണ്ടാണ് വളരുന്നത്