തൃത്താല പീഡനം; ഉന്നത രാഷ്‌ട്രീയ നേതാവിന്‍റെ മകനും ബന്ധം, പ്രതികൾ നിരീക്ഷണത്തിലാണെന്ന് പൊലീസ്

പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധം. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഉന്നത ബന്ധങ്ങളുടെ പേരിലാണ് അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അതേസമയം, ലഹരിപാര്‍ട്ടിയിൽ പങ്കെടുത്തവരെ പിടികൂടണമെന്ന ആവശ്യവുമായി സി പി എം രംഗത്തെത്തി. ഏത് ഉന്നതനായാലും കുറ്റവാളികളെ പിടികൂടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നാണ് സി പി എം പറയുന്നത്.

കഴിഞ്ഞമാസം നാലിനാണ് തൃത്താല പീഡനക്കേസിലെ പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലു ദിവസത്തിന് ശേഷം തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇതിനിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒമ്പത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഡി ജെ മുസ്‌തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ നിരീക്ഷണത്തിലുമുണ്ട്. തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.