ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.
ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.

വിശ്വാസികൾക്കായി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. പതിനായിരങ്ങൾക്ക് ആത്മനിർവൃതി പകരുന്ന മമ്പുറം ആണ്ടുനേർച്ചയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

രാവിലെ മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി കൊടികയറ്റം നടത്തി ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആണ്ടുനേർച്ചയ്ക്ക് തുടക്കമായി. മഖാം സിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി

തുടർന്നുള്ള ദിവസങ്ങളിൽ മതപ്രഭാഷണങ്ങൾ നടക്കും. 16-ന് രാത്രി നടക്കുന്ന പ്രാർഥനാസദസ്സ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.

17-ന് ഉച്ചയ്ക്ക് രണ്ടിനാരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സോടെ ആണ്ടുനേർച്ചയ്ക്ക് സമാപ്തിയാകും. പ്രാർഥനയ്ക്ക് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകും. നേർച്ചദിവസങ്ങളിൽ ഉച്ചയ്ക്കു മഖാമിൽ മൗലിദ് സദസ്സും നടക്കും. കോവിഡ് പ്രത്യേക സാഹചര്യം പരിഗണിച്ച് നേർച്ചകളും സംഭാവനകളും സ്വീകരിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഗൂഗിൾപേ നമ്പർ: 9996313786.