Fincat

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു

മലപ്പുറം: വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു.

1 st paragraph

മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്. ഒരു സ്ത്രീയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ രണ്ട് ദിവസം മുമ്പ് സുരേഷിനെ ആക്രമിച്ചത്. സുരേഷിന്‍റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അക്രമിസംഘം അസഭ്യവർഷവും സുരേഷിന് നേരെ നടത്തിയെന്നാണ് വിവരം. സ്വന്തം വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാർ അടക്കമുള്ളവർ പറയുന്നത്. ഇന്ന് രാവിലെയാണ് വീട്ടിനുള്ളിൽ സുരേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷ് ചാലിയത്തിന്‍റെ നിര്യാണത്തിൽ സമൂഹമാധ്യമങ്ങളിൽ അനുശോചനപ്രവാഹമാണ്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.