രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ്: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം കേരളത്തില്‍ എണപതിനായിരത്തിനടുത്ത് ആളുകള്‍ കോവിഡ് പോസിറ്റീവായി. രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിരത്തോളം പേര്‍ക്കും രോഗം ബാധിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.

വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.