കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ ഒരാൾകൂടി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിലെ ഒരാളെക്കൂടി രഹസ്യ താവളത്തിൽനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റാഫി (31) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചയാണ് താമരശ്ശേരിയിൽനിന്ന് ഇയാളെ പിടികൂടിയത്.
റാഫിയെ ചോദ്യം ചെയ്തതിൽ സംഭവ ദിവസം കൊടുവള്ളിയിൽനിന്നു വന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും അർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് പാലക്കാട് സംഘം വന്ന വാഹനം അപകടത്തിൽ പെടുന്നത് കണ്ടതായും പറയുന്നു.
ബൊലേറോ ഇടിച്ച ലോറിയുടെ ഡ്രൈവർ കൈ കാണിച്ച് ഇവരോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കടന്നുകളയുകയായിരുന്നു. ഇയാളിൽനിന്ന് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. കേസിൽ ഉൾപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷിച്ചതിൽ വയനാട് കേന്ദ്രീകരിച്ച് മിക്കവർക്കും സ്വന്തംപേരിലും ബിനാമിയായും സ്ഥലങ്ങളും റിസോർട്ടുകളും ഉള്ളതായി മനസ്സിലായിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സ്വന്തം സ്വർണം വിമാനത്താവളത്തിൽനിന്ന് സുരക്ഷിതമായി എത്തിക്കുന്നതോടൊപ്പം മറ്റു സംഘങ്ങളുടെ സ്വർണം ഈ സംഘം കവർച്ച ചെയ്തിരുന്നതായും മനസ്സിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയി. 16 വാഹനങ്ങളും പിടിച്ചെടുത്തു.