അമ്പത് ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
കോഴിക്കോട്: അമ്പത് ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട്ട് ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്‍ ഷാജി (22) ആണ് എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.45 ഓടെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് പാലാഴിയില്‍ വെച്ച് ഇയാള്‍ പിടിയിലാവുന്നത്. എക്‌സൈസ് പാര്‍ട്ടിയെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
കോവിഡ് കാലത്ത് ഫ്‌ളാറ്റുകളില്‍ ഒതുങ്ങിക്കഴിയുന്ന യുവജന വിഭാഗത്തെയും കോഴിക്കോട് നിശാപാര്‍ട്ടി സംഘാടകരെയും ലക്ഷ്യംവെച്ച് ആലുവയില്‍ നിന്നും കൊണ്ടുവന്നതാണ് ഇതെന്ന് പ്രതി എക്‌സൈസിന് മൊഴി നല്‍കി.
ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്‍, ഇന്റലിജന്‍സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്ത് എന്നിവരുടെ നേത്യത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.അബ്ദുല്‍ ഗഫൂര്‍, ടി.ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി അജിത്, അര്‍ജുന്‍, വൈശാഖ്, എന്‍ .സുജിത്ത്, വി അശ്വിന്‍, എക്‌സൈസ് ഡ്രൈവര്‍ പി. സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.