കോഴിക്കോട് നിപ വൈറസ്; നിയന്ത്രണങ്ങളുമായി പൊലീസ്, വാർഡ് അടച്ചു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം
കോഴിക്കോട്: നിപ ഭീതിയിൽ കോഴിക്കോട്. ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 10,11,12 വാർഡുകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനി, ഛർദി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആരോഗ്യവകുപ്പിനെ ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അഞ്ച് പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. നിലവിൽ പതിനേഴ് പേർ നിരീക്ഷണത്തിലുണ്ട്. രോഗത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.

രോഗ നിയന്ത്രണത്തിന് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ വാഗ്ദ്ധാനം ചെയ്തു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘം സംസ്ഥാനത്തെത്തും. അതേസമയം മരിച്ച പന്ത്രണ്ടുകാരന്റെ സംസ്‌കാരം രാവിലെ പത്തിന് നടക്കും.