പ്രൈവറ്റ് ബസുകളില്‍ നിറയ്ക്കാനുള്ള വ്യാജ ഡീസൽ പൊലീസ് പിടികൂടി
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച 500 ലിറ്റര്‍ ഡീസല്‍ ഈസ്റ്റ് പോലീസ് പിടികൂടി. 20 ലിറ്റര്‍ കൊള്ളുന്ന 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ കൊണ്ടുവന്നിരുന്നത്. ഇതില്‍ 20 കന്നാസുകളില്‍ ഡീസല്‍ നിറച്ച നിലയിലും 15 കന്നാസുകള്‍ ഒഴിഞ്ഞ നിലയിലും കാണപ്പെട്ടു.
തൃശൂര്‍ നഗരത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകള്‍ക്ക് ഇന്ധനമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തില്‍ പട്രോളിങ്ങ് നടത്തിയിരുന്ന കണ്‍ട്രോള്‍ റൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥരാണ് അനധികൃത ഡീസല്‍ വില്‍പ്പന നടത്തുന്ന വിവരം കണ്ടെത്തിയത്. പോലീസുദ്യോഗസ്ഥരെ കണ്ടപ്പോഴേക്കും വാഹനത്തിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡീസല്‍ വില്‍പ്പന നടത്തിയതെന്നു കരുതുന്ന 23,500 രൂപ വാഹനത്തിനകത്തുനിന്നും കണ്ടെടുത്തു.
ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പില്‍ സജീവ് എന്നയാളുടെ ഉടമസ്തതയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച ഡീസല്‍ ബസ്സുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നതായി പോലീസ് സംശയിക്കുന്നു. വ്യാജ ഇന്ധനം കൊണ്ടുവന്ന പിക്ക് അപ്പ് വാഹനത്തിനു സമീപത്തായി ഇന്ധനം നിറക്കുന്നതിനായി രണ്ട് ബസ്സുകള്‍ കിടന്നിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. പെട്രോള്‍ പമ്പുകളില്‍ വില്‍പ്പന ചെയ്യുന്ന ഒറിജിനല്‍ ഡീസലിന് 100 രൂപയോളം വിലയുള്ളപ്പോള്‍ 75 രൂപ നിരക്കിലാണ് വ്യാജ ഡീസല്‍ വില്‍പ്പന നടത്തിയിരുന്നത്.
ബസ്സുകളിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്. വ്യാജമായി ഡീസല്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും, ഡീസല്‍ ഇന്ധനം അനധികൃതമായി കൈകാര്യം ചെയ്തതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ 2005 ലെ ഉത്തരവു പ്രകാരവുമാണ് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വ്യാജ ഡീസലിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക് അയക്കും. അതിനുശേഷം മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ച് വിശദാംശങ്ങള്‍ വെളിവാകുകയുള്ളൂ.