നിപ വൈറസ് ബാധ: ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല; അടുത്ത 21 ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തകൾ പുറത്ത് വരുന്നു. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ: സുനിൽ കുമാർ പറഞ്ഞു. മരിച്ച കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ആളുകളുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെങ്കിലും അവർ പൂർണ രോഗ മുക്തരായെന്ന് പറയാൻ കഴിയില്ല. നിരീക്ഷണ സമയം 7 മുതൽ 10 ദിവസം വരെയാണ്. അത്തരം ശരീരത്തിൽ പ്രവേശിച്ചാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരാളിൽ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. ഇപ്പോൾ നെഗറ്റീവായാലും സമ്പർക്കം പുലർത്തിയവർ ഒരു കാരണവശാലും ജാഗ്രത കൈവിടരുത്.


ലഭ്യമായ നെഗറ്റീവായവർ, നിരീക്ഷണത്തിൽ ഉള്ള 62 പേർക്കും രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് നേരിയ പനിമാത്രമാണ് ഉണ്ടായിരുന്നത്. സമ്പർക്കം ഉള്ളവർ കർശനമായി 21 ദിവസം നിരീക്ഷണത്തിൽ കഴിയണം. വരുന്ന 21 ദിവസം ഏറെ നിർണ്ണായകമാണ്. രോഗം ഇല്ലാത്തവർ ആശുപത്രിയിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ കാര്യത്തിലുള്ള എതിർപ്പ് നിരീക്ഷണത്തിൽ ഉള്ളവർ പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ആരോഗ്യ മന്ത്രിയോടും ഒറ്റയ്ക്ക് കഴിയുന്നതിലെ ബുദ്ധിമുട്ട് പരാതിയായി പറഞ്ഞിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റേ ഈ കാര്യത്തിലെ തീരുമാനം 21 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് തന്നെയാണ്. ഈ കാര്യമാണ് സർക്കാരിനെ ബോർഡ് അറിയിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന മെഡിക്കൽ ബോർഡാണ്.


കോവിഡ് പോലുള്ള ഒരു രോഗമല്ല നിപ. നിപ ബാധയുണ്ടെങ്കിൽ മരണ നിരക്ക് 40 മുതൽ 75 ശതമാനം വരെ. ഇതിനായി ജാഗ്രതയുടെ കാര്യത്തിൽ ഒരു വീട്ടുവീഴ്ച്ചയും പാടില്ല. ചെറിയ ഒരു വീഴ്ച്ച ഉണ്ടായാൽ പോലും വലിയ വിലയാവും അതിന് നാം നൽകേണ്ടി വരുക. ഇതിനായി നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. കൂടുതൽ നെഗറ്റീവ് കേസുകൾ ഉണ്ടാവുന്നത് വലിയ ആശ്വാസമാണ്.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകാൻ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. വിവിധ വകുപ്പ് മേധാവികളുടെ നേത്യത്വത്തിൽ ആറംഗ മെഡിക്കൽ ബോർഡാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. ഇതിനായി എല്ലാ ദിവസവും പതിനൊന്ന് മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

നിപയുമായി ബന്ധപ്പെട്ട ആശങ്കകൾ പൂർണ്ണമായും ഒഴിവാകാത്ത സാഹചര്യത്തിൽ പനിയോ മറ്റ് രോഗലക്ഷണമോ ഉണ്ടെങ്കിൽ സ്വയം ചികിത്സ നടത്താതെ ഡോക്ടർമാരെ കണ്ട് മതിയായ ചികിത്സ തേടണം. വവ്വൽ രോഗം പടർത്തുന്നതിനാൽ പഴങ്ങളിൽ നിന്നും രോഗം പകരുവാനുള്ള സാധ്യത ഏറെയാണ്. അതിനായി പഴങ്ങൾ കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നതിന് ഡോക്ടർ സുനിൽ കുമാർ വ്യക്തമാക്കി.