കാക്കനാട് മയക്കുമരുന്നു കേസ്: പ്രതികളുമായി ഇടപാട്, 30 പേര്‍ക്ക് എക്‌സൈസ് നോട്ടീസ്
കൊച്ചി : കാക്കനാട്ടെ മയക്കുമരുന്നു കേസില്‍ പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയ 30 പേര്‍ക്ക് ചോദ്യംചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടീസ്.
ഇടപാടിന്റെ രേഖകളുമായെത്തി വിശദീകരണം നല്‍കണമെന്നാണു നിര്‍ദ്ദേശം. കേസിലെ ഏഴുപ്രതികളില്‍ ചിലരും പരസ്‌പരം വന്‍തുകകള്‍ കൈമാറിയിട്ടുണ്ട്. അഞ്ചും പത്തും ലക്ഷം രൂപ ഒന്നിച്ച് അയച്ചിട്ടുണ്ട്. നാലു മാസത്തിനിടെ 12 കോടിരൂപയുടെ ഇടപാടുകള്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ നടന്നിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണു നിഗമനം. ഒന്നാം പ്രതി ഫവാസിന്റെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നിട്ടുണ്ട്. ആറാംപ്രതി തയ്യിബയുടെ അക്കൗണ്ടിലും വലിയ തുകകള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ പണം മുഴുവനും മയക്കുമരുന്നു വാങ്ങാന്‍ ഉപയോഗിച്ചെന്നാണു പ്രതികള്‍ പറയുന്നതെങ്കിലും അന്വേഷണ ഏജന്‍സികള്‍ അപ്പാടെ വിശ്വസിക്കുന്നില്ല.
പ്രതികളുടെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എയ്‌ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനും (ഇ.ഡി.) കൈമാറിയിട്ടുണ്ട്. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും വിവരങ്ങള്‍ ശേഖരിക്കുകയാണ്. പ്രതികളെ സമ്പത്തികമായി സഹായിച്ചവരെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും മറ്റ് അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ എക്‌സൈസ് ശേഖരിക്കും. വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്കു കൈമാറും. ആദ്യം ഒഴിവാക്കിയശേഷം പിന്നീടു പ്രതിയാക്കിയ രണ്ടുപേരില്‍ ഒരാളായ തിരുവല്ല സ്വദേശിനി തയ്യിബയെ പിന്നീട് അറസ്‌റ്റു ചെയ്‌തിരുന്നു. മറ്റൊരാളായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഫൈസല്‍ മംഗലാപുരത്തേക്കു കടന്നതായാണു വിവരം. ഇയാളെ പിടികൂടാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ (ഐ.ബി) സഹായം തേടി. ഫൈസല്‍ മംഗലാപുരത്തുനിന്നു കടക്കാനുള്ള ശ്രമത്തിലാണെന്നും ഐ.ബിയുടെ നിരീക്ഷണവലയത്തില്‍ എത്തിയിട്ടുണ്ടെന്നുമാണു വിവരം.
അതേസമയം, പ്രതികള്‍ക്കു മയക്കുമരുന്നു കൈമാറിയ സംഘത്തെപ്പറ്റി അറിവുലഭിച്ചു. ഇടനിലക്കാരാണിവര്‍. എല്‍.ടി.ടി.ഇ. ബന്ധമുള്ള ശ്രീലങ്കന്‍ മയക്കുമരുന്നു കള്ളക്കടത്തുകാരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനാല്‍, അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍കോള്‍ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാഴക്കാലയില്‍ പിടിയിലായവര്‍ക്ക് മയക്കുമരുന്നു കൈമാറിയ ചെന്നൈയിലെ ഇടപാടുകാര്‍ക്കു തമിഴ് തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍, പ്രതികളെ എന്‍.ഐ.എയും ചോദ്യം ചെയ്‌തേക്കും.