30 കോടി എവിടെ? സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ 30 കോടി രൂപ കാണാതായത് സംബന്ധിച്ച് സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം. സംസ്ഥാന കോൺഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതേ തുടർന്നാണെന്നാണ് സൂചന. എന്നാൽ, ഈ പണം അക്കാലത്ത് ഉന്നതന്റെ “അടുത്ത’ ആളും ഗ്രൂപ്പിലെ രണ്ടാമനുമായിരുന്ന ആളിന് കൈമാറിയതായാണ് വിശദീകരണം.
അയൽ സംസ്ഥാനത്തെ ബിസിനസുകാരനായ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ അധികാരം ഉറപ്പാണെന്നും പണമില്ലായ്മ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന്, അധികാരത്തിലെത്തുമെന്ന് ഉറപ്പാണോ എന്ന് എഐസിസി നേതൃത്വം ആരാഞ്ഞു. അതിൽ ആർക്കും സംശയം പോലുമില്ലെന്നായിരുന്നു ഗ്രൂപ്പുനേതാക്കൾ ഉൾപ്പെടെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ നൽകിയ മറുപടി. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിവിധ പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങളോട് സഹായമെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഉന്നതന്റെ കൈയിൽ കിട്ടിയ പണം സാധാരണഗതിയിൽ അദ്ദേഹത്തിന്റെ പെഴ്സണൽ സ്റ്റാഫ് പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, ആ വ്യക്തി ഉന്നതൻ മത്സരിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ ചുമതല ഏറ്റെടുത്ത് അവിടെയായിരുന്നു. അതിനാൽ തന്റെ “അടുത്ത’ ആളും ഗ്രൂപ്പിലെ രണ്ടാമനുമായ ആളിന് ഈ തുക കൈമാറി സ്വന്തം ഗ്രൂപ്പുകാരായ സ്ഥാനാർഥികൾക്ക് നിശ്ചിത തുക വീതം കൈമാറാൻ ഉന്നതൻ ചുമതലപ്പെടുത്തുകയായിരുന്നുവത്രേ. സംശുദ്ധ പ്രതിച്ഛായയുള്ള ഈ രണ്ടാമൻ അതുവരെ ഒരു സംശയത്തിനും ഇടനൽകുകയോ, സാമ്പത്തികകാര്യങ്ങളിൽ മോശപ്പെട്ട രീതിയിൽ ഇടപെടുകയോ ചെയ്തിരുന്നില്ല.
തെരഞ്ഞെടുപ്പിനുശേഷമാണ് ഈ 30 കോടിരൂപ കിട്ടേണ്ടവർക്ക് കിട്ടിയില്ലെന്ന വിവരം ഹൈക്കമാൻഡിന് മുന്നിലെത്തിയത്. അതേ തുടർന്നുള്ള ഹൈക്കമാൻഡിന്റെ അതൃപ്തിയാണ് ഉന്നതന്റെ സ്ഥാനനഷ്ടത്തിന് കാരണമെന്നാണ് കരുതുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഉന്നതനെ മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉടൻ എഐസിസി നേതൃത്വം ഉന്നതന്റെ വിശദീകരണം തേടുമെന്നാണ് വിവരം. അതേസമയം, ഉന്നതൻ വസ്തുതകൾ അടുത്ത ആളുകളോട് പങ്കുവച്ചതോടെ കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം നിലനിൽക്കുകയാണ്.