കോഴി ഇറച്ചി വിലയിൽ വീണ്ടും വർദ്ധന


കോഴി ഇറച്ചി വില വീണ്ടും കുതിക്കുന്നു. കിലോയ്ക്ക് 200 കടന്നു. ഇടയ്ക്കൊന്നു വില കുറഞ്ഞെങ്കിലും ഇപ്പോൾ കുത്തനെ ഉയരുകയാണ്. നിലവിൽ കോഴി ഇറച്ചി വില കിലോയ്ക്കു 210 മുതൽ 230 വരെയാണ്. ഒരാഴ്ചയ്ക്കിടെ 30 മുതൽ 50 രൂപ വരെയാണു വർധന ഉണ്ടായത്.  തൂവലോടെയുള്ള കോഴി വില കിലോയ്ക്ക് 120 മുതലാണ്. ഉൽപാദന ചെലവ് വർധിച്ചതാണ് വില വർധനയ്ക്കു കാരണമെന്ന് ഫാം ഉടമകളും കച്ചവടക്കാരും പറയുന്നത്. 

 നേരത്തെ കോഴിക്കുഞ്ഞിന് 15 മുതൽ 20 രൂപ വരെയായിരുന്നു വില. ഇത് ഇപ്പോൾ കുഞ്ഞ് ഒന്നിന് 30 രൂപ വരെ ഉയർന്നു. കോഴി തീറ്റയ്ക്കു ചാക്കിനു 1,200 രൂപ ഉണ്ടായിരുന്നത് 2,250 രൂപയായി വർധിച്ചു. വിദേശത്ത് നിന്ന് തീറ്റ ഇറക്കുമതി കുറഞ്ഞതും കമ്പനികൾ ഉൽപാദനം കുറച്ചതുമാണു വർധനയ്ക്കിടയാക്കുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് തീറ്റയും കോഴിക്കുഞ്ഞുങ്ങളും സംസ്ഥാനത്തേക്ക് വരുന്നത്. ഇവയുടെ വില വർധിച്ചതോടെ മിക്ക കോഴിക്കർഷകരും ഫാം ഉടമകളും ഉൽപാദനം നിർത്തിവച്ചു.

ഒരു കിലോ കോഴി വിൽപനയ്ക്കായി തയാറാക്കുന്നതിന് ഏകദേശം 95 മുതൽ 100 രൂപ വരെയാണു ചെലവ്. നേരത്തെ ഇത് 50 മുതൽ 70 രൂപ വരെയായിരുന്നു. കർഷകർ ലാഭം കണക്കാക്കി കച്ചവടക്കാരന് 118 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഉൽപാദന ചെലവ് കുറയ്ക്കാൻ തീറ്റയും കുഞ്ഞുങ്ങളും ലഭ്യമാക്കാൻ സർക്കാർ തയാറായാൽ വില കുറയ്ക്കാനാകുമെന്നു കോഴി കർഷകർ പറഞ്ഞു.