ഓണം ബമ്പർ ഭാഗ്യക്കുറി ഇത്തവണ നിയമക്കുരുക്കിലേക്കോ?..

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യക്കുറിയിലെ ഒന്നാം സ്ഥാനം സംബന്ധിച്ചാണ് ഇപ്പോൾ ചർച്ച. അവകാശവാദങ്ങൾ ഉയർന്നതോടെ ഒന്നാം നമ്പറുകാരന് ഇത്തവണ നിയമകുരുക്കുകളിലൂടെ കടന്നു പോകേണ്ടി വരുമോ? കേരളാ ലോട്ടറി കടലാസ് ലോട്ടറിയാണ്. അത് ഫിസിക്കലായി തന്നെ വാങ്ങണമെന്നാണ് ചട്ടം. പ്രത്യക്ഷ സാന്നിധ്യം വിൽപ്പനയിൽ വേണം. ഇപ്പോൾ ഗൾഫിലുള്ള ഒരാളാണ് അവകാശ വാദവുമായി രംഗത്ത് വരുന്നത്. സെയ്തലവിയുടെ വിശദീകരണം അനുസരിച്ച് കൂട്ടുകാരൻ അഹമ്മദാണ് ലോട്ടറി വാങ്ങിയത്. കോഴിക്കോട്ടുകാരന് ഗുഗിൾ പേയിലൂടെ 300 രൂപയും അയച്ചു. പിന്നീട് ലോട്ടറിയുടെ ഫോട്ടോയും ഫോണിൽ എത്തി. പക്ഷേ ഇത്തരമൊരു ലോട്ടറി വാങ്ങലിന് നിയമപരമായി അംഗീകരാമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.

ദുബായിലെ ഹോട്ടലിലെ പാചക തൊഴിലാളിയാണ് സെയ്തലവി. ലോട്ടറി വാങ്ങിയെന്ന് പറയുന്ന സുഹൃത്ത് ഇനിയും പുറത്തേക്ക് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ലോട്ടറിയിൽ വ്യക്തത വരാൻ ഒർജിനൽ കാണേണ്ടതുണ്ട്. അങ്ങനെ സെയ്തലവി ഒർജിനൽ നൽകിയാലും അത് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. നേരിട്ടെത്തി ലോട്ടറി വാങ്ങണമെന്ന ചട്ടമാണ് പ്രശ്‌നം. ഗൂഗിൾ പേ വഴിയുള്ള ലോട്ടറി വാങ്ങൽ ഓൺലൈൻ വിൽപ്പനയുടെ ചട്ടത്തിലേക്ക് വരും. ഇതിനൊപ്പം കോഴിക്കോട്ട് നടന്നു പോയ ആളിൽ നിന്നാണ് ടിക്കറ്റ് സുഹൃത്ത് വാങ്ങിയതെന്നും പറയുന്നു. എന്നാൽ ഇതും സംശയത്തിന് ഇടനൽകുന്നു.

അതിനിടെ കോഴിക്കോട്ട് തങ്ങൾ ടിക്കറ്റ് വിൽക്കുന്നില്ലെന്ന വാദവുമായി മീനാക്ഷി ഏജൻസിയും രംഗത്തു വന്നിട്ടുണ്ട്. ഇതെല്ലാം വലിയ നിയമപ്രശ്‌നങ്ങളിലേക്ക് കടക്കും. നേരിട്ടുള്ള സാന്നിധ്യമില്ലെന്ന സംശയത്തിന്റേ പേരിൽ പോലും ലോട്ടറിയിൽ സമ്മാനം കിട്ടാത്തവരുടെ കണ്ണുനീർ കേരളം കണ്ടിട്ടുണ്ട്. കള്ളപ്പണക്കാരെ നേരിടാനാണ് ഈ സംവിധാനം. ലോട്ടറി അടിക്കുന്നവരെ കള്ളപ്പണക്കാർ സ്വാധീനിച്ച് ടിക്കറ്റ് വാങ്ങും. പകരം നികുതി ഉൾപ്പെടെയുള്ള മുഴുവൻ പണവും കൊടുക്കും. അതിന് ശേഷം മറ്റൊരാൾ ലോട്ടറി അവതരിപ്പിച്ച് പണം വെളുപ്പിച്ച് അക്കൗണ്ടിലാക്കുന്നതാണ് രീതി. അതുകൊണ്ട് തന്നെ ദുബായിലുള്ള സെയ്തലവിയുടെ അവകാശ വാദങ്ങൾ പല നിയമചർച്ചകൾക്കും വഴിയൊരുക്കും.

ടിക്കറ്റിന്റെ ഫോട്ടോ തന്റെ മൊബൈലിലേക്ക് അയച്ചു തന്നതുൾപ്പെടെ സെയ്തലവി മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. വാടക വീട്ടിലാണ് തന്റെ കുടുംബം താമസിക്കുന്നതെന്ന് സെയ്തലവി പറയുന്നു. ജീവിത സാഹചര്യങ്ങളും സാധാരണമാണ്. എന്നാൽ ഓൺലൈനിലെ ലോട്ടറി വാങ്ങലിൽ സർക്കാരിന്റെ നിലപാട് നിർണ്ണായകമാകും. വിവിധ പരിശോധനകൾ ഇക്കാര്യത്തിൽ നടത്തും. ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ തെളിവ് പോലും സംശയം തോന്നിയാൽ സർക്കാർ അവകാശപ്പെടും. അങ്ങനെ ബമ്പർ ലോട്ടറി വലിയ നിയമക്കുരുക്കിലേക്ക് പോവുകയാണ്.

ഇന്നലെയായിരുന്നു നറക്കെടുപ്പ്. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്‌സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്. ചാനലുകൾ തൽസമയാണ് ഇത് സംപ്രേഷണം ചെയ്തത്.