മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കോഴിക്കോട് നിന്നാണ് ഇവരെ കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശിനിയായ ഒരു പെൺകുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് പറയുന്നു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടികൾ മഹിള മന്ദിരത്തിലെ ഗേറ്റ് ചാടി രക്ഷപ്പെട്ടത്. മഹിളാമന്ദിരത്തിലെ രണ്ടാം നിലയിലെ ഇരുമ്പ് കമ്പിയിൽ സാരി കെട്ടിയശേഷം പെൺകുട്ടികൾ അതിലൂടെ ഭിത്തിയിൽ ചവിട്ടി താഴെ എത്തുകയും പിന്നീട് ഗേറ്റ് ചാടി രക്ഷപ്പെടുകയുമായിരുന്നു.

എറണാകുളത്തെ വസ്ത്ര നിർമ്മാണ ശാലയിൽ പ്രായപൂർത്തിയാകാതെ ജോലിക്ക് എത്തിച്ച കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി മഹിളാമന്ദിരത്തിൽ എത്തിച്ചതായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ മഹിളാമന്ദിരത്തിലെ ജീവനക്കാർക്ക് കത്തെഴുതി വച്ചശേഷം പെൺകുട്ടികൾ വസ്ത്രങ്ങളും ബാഗുകളുമായി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് മൂന്ന് പെൺകുട്ടികളെയും കുറിച്ച് വിവരം ലഭിക്കുന്നതും രണ്ട് പെൺകുട്ടികളെ കണ്ടെത്തുന്നതും.