കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും പോലീസ് ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി ആരോഗ്യ പ്രവർത്തകയുടെ ഭർത്താവ്
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി. കൺമുന്നിൽ അക്രമം നടന്നിട്ടും അതിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് നവാസ് ആരോപിച്ചു. നാളെ നോക്കാമെന്നാണ് പൊലീസ് അറിയിച്ചത്.

ചികിത്സയിലുളള ഭാര്യയുടെ മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടെന്നും നവാസ് പറയുന്നു. തൃക്കുന്നപ്പുഴയിൽ ബൈക്കിലെത്തിയ സംഘം നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ കടന്നുകളയുകയായിരുന്നു. എന്നാൽ സംഭവം കണ്ടിട്ടും പൊലീസ് പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് നഴ്സിന്റെ ഭർത്താവ് പറഞ്ഞത്. സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. പൊലീസിന് വീഴ്ചയുണ്ടായി. ഇക്കാര്യത്തിൽ ഡിജിപിയോട് പരാതിപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.