മലപ്പുറത്ത് യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പിടിയിലായി
തേഞ്ഞിപ്പാലം: യുവ അഭിഭാഷകനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വഴിക്കടവ് സ്വദേശി ഇർഷാദിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവറും വാഹനവും തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി.
40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി മുസ്തഫ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 10 ന് തേഞ്ഞിപ്പലം ചെട്ടിയർമാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് രാത്രി 12.45 നായിരുന്നു അപകടം.

കോഴിക്കോട് നിന്ന് ബൈക്കിൽ വരുമ്പോൾ മുസ്തഫ ഓടിച്ച മീൻ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇർഷാദ് മരിച്ചു. എന്നാൽ നിർത്താതെ വിട്ടതിനാൽ ഇടിച്ച വാഹനം ഏതെന്ന് അറിഞ്ഞിരുന്നില്ല. ഏക ദൃക്സാക്ഷിയായ ഐക്കരപടി സ്വദേശിയായ ദുൽക്കിഫ് വാഹനത്തിന്റെ രൂപം പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരവധി വാഹനങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ഇടിച്ച വാഹനം പിടികൂടിയത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.