മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി “സർ”വിളി വേണ്ട എന്ന് തീരുമാനിച്ചു. “സർ” എന്ന അഭിസംബോധനയും ഒഴിവാക്കും. 

മലപ്പുറം: മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം നടപ്പിലാക്കും.
പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും  യജമാനൻമാരും പൊതുജനങ്ങൾ അവരുടെ ദാസന്മാരും എന്ന സങ്കൽപ്പത്തിൽ നിന്നാണ് അപേക്ഷകളിലും അഭിസംബോധന കളിലും “സർ ” കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച  ഇത്തരം  കീഴ്‌വഴക്കങ്ങൾ  ഇത്രയും നാൾ അതുപോലെ തുടരുകയായിരുന്നു. യഥാർത്ഥത്തിൽ യജമാനന്മാർ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് –
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്.
ഒറ്റപ്പെട്ട ചില പഞ്ചായത്തുകൾ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻസ് ലീഗ് ജില്ലാ പ്രസിഡണ്ട് ട പി സി അബ്ദുറഹ്മാൻ പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി (ആക്റ്റിംഗ്) പി എം എ സലാം, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: യു എ ലത്തീഫ് , സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, പ്രസിഡൻസ് ലീഗ് ജില്ലാ സെക്രട്ടറി കെ. ഇസ്മയിൽ മാസ്റ്റർ പൂക്കോട്ടൂർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട്  കലാം മാസ്റ്റർ പെരുവള്ളൂർ, സെക്രട്ടറി നാസർ എടരിക്കോട്,  പ്രസിഡൻസ് ലീഗ് ഭാരവാഹികളായ അബ്ദുല്ലക്കോയ ചെറുകാവ്, എസ് എ മൻസൂർ തങ്ങൾ ഊരകം, മൂസ കടമ്പോട് ഒതുക്കുങ്ങൽ, കെപി വഹീദ കൽപകഞ്ചേരി , പി വി ഉസ്മാൻ കാവനൂർ,  അഡ്വ: അസ്കർ അലി മങ്കട,  കെ റാബിയ കോഡൂർ, സി എം മുസ്തഫ വെട്ടത്തൂർ ,ടി കെ ഗോപി കാളികാവ്, എളങ്കയിൽ മുംതാസ് ചീക്കോട്, സി പി കുഞ്ഞുട്ടി മംഗലം എന്നിവർ പ്രസംഗിച്ചു.