ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കരണ്ടോട് സ്വദേശി തൊടുവയിൽ സബീൽ (36) നെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിച്ച് സ്വർണ്ണവും, പണവും വാങ്ങിയെന്ന കേസിലെ അവസാന പ്രതിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാനേജിങ് പാർട്ണറും, ഡയറക്ടറും കേസിലെ അഞ്ചാം പ്രതിയുമാണ് സബീൽ. ബുധനാഴ് രാവിലെ 10 മണിയോടെ കുറ്റ്യാടി സി. ഐ ഫർഷാദിൻ്റെ മുമ്പാകെയാണ് കീഴടങ്ങിയത്.
സംഭവശേഷം ഒളിവിൽ പോയ സബീലിനെതിരെ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പിടികൂടാൻ കഴിയാത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് സി. പി. എം നേതാക്കൾ രംഗത്ത് വരികയും ചെയ്തു. മറ്റ് പ്രതികൾ പിടിയിലായിട്ടും സബീലിനെ പിടി കൂടാൻ കഴിയാത്തത് പൊലീസിന് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം ശക്തമാക്കുന്നതിനിടയിലാണ് പ്രതിയുടെ കീഴടങ്ങൽ.
സബീലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ നിർണ്ണായക തെളിവ് ലഭിക്കുമെന്നും കേസിൽ വഴിത്തിരിവ് ഉണ്ടാകുമെന്നുമാണ് പൊലീസ് വിലയിരുത്തൽ. കീഴടങ്ങിയ സബീലിനെ നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി റിമാന്റ് ചെയ്തു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങുവാനാണ് പൊലീസ് തീരുമാനം.
പ്രധാന പ്രതി വി. പി. സമീർ പൊലീസിൽ നേരത്തെ കീഴടങ്ങിയിരുന്നു. വിദേശത്തേക്കു കടന്ന മറ്റു രണ്ടു പ്രതികളായ കെ. പി. ഹമീദ്, ടി. മുഹമ്മദ് എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി.
കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ന്യൂ ഗോൾഡ് പാലസ് ജുവലറിക്കെതിരേയാണ് കോടികളുടെ പരാതി ഉയർന്നത്. പണം നഷ്ടപ്പെട്ട 82 പേർ കുറ്റ്യാടി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. 60കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ജ്വല്ലറി വലിയ വാഗ്ദാനങ്ങൾ നൽകി ഒട്ടേറെ പേരിൽനിന്ന് പണമായും സ്വർണമായും നിക്ഷേപം സ്വീകരിച്ചതായാണ് പരാതി. ഇതിനു പുറമെ മാസത്തിൽ പണം നിക്ഷേപിക്കുന്ന പദ്ധതി വഴിയും പലരിൽ നിന്നായി പണം സ്വീകരിച്ചു. കുറച്ച് ദിവസങ്ങൾ ജൂവല്ലറി അടഞ്ഞ് കിടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്.
വെള്ളി, ശനി ദിവസങ്ങളിലായാണ് 82 പരാതികൾ കിട്ടിയത്. കല്ലാച്ചിയിലെ ജുവല്ലറിയിൽ പണം നിക്ഷേപിച്ചവർ നാദാപുരം പോലീസിലും സമാനപരാതികൾ നൽകിയിട്ടുണ്ട്. ഒരാളുടെ പരാതിയിൽ ഇവിടെയും കേസെടുത്തിട്ടുണ്ട്. 25,000 രൂപ മുതൽ പണം നഷ്ടപ്പെട്ടവരുണ്ട്. മൂന്നും നാലും കോടി രൂപ വിലവരുന്ന സ്വർണവും പണവും നിക്ഷേപിച്ചവരും ഉണ്ട്.