പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.പിന്നാലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കുക ആയിരുന്നു. അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.

സെപ്റ്റംബർ ഒമ്പതിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തിയത്. ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസണ്‍വാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി, വരന്‍, വധുവിന്‍റെയും വരന്‍റെയും രക്ഷിതാക്കൾ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതോടെ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം രാജാക്കാട്, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് വിവാഹം കഴിഞ്ഞിരുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.