യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ അറസ്റ്റിൽ
തൃശൂർ: കയ്പമംഗലം യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടിൽ രാംജി (46), പനങ്ങാട് സ്വദേശി തേലപറമ്പിൽ രാജൻ (46) എന്നിവരെയാണ് മതിലകം സി.ഐ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതേ തുടർന്ന് യുവതി മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.

യുവതിയുടെ വിവാഹം നടക്കാൻ പോകുന്നതറിഞ്ഞ് വിദേശത്തുള്ള ഇയാൾ ദൃശ്യങ്ങൾ വാട്സ് ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു