ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച ആന്ധ്ര​​- ഒഡീഷ തീരം തൊടും,​ കേരളത്തിലും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗുലാബ് എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രാ – ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് – തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് – വടക്ക് കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗുലാബ് ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടു കൂടി വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽ പുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തായി കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇപ്പോൾ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നിലവിൽ കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്തംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാദ്ധ്യതകളമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.സെപ്തംബർ 26, 27 തീയതികളിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ദുരന്തനിവാരണ അതോറിറ്റി പൂർണ്ണ വിലക്കേടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.കേരളത്തിലെ അലേർട്ടുകൾ,​ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.

27ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

28ന് : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.