ടെക്സ്റ്റൈൽസും മൊബൈൽഷോപ്പും കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ

പെരിന്തൽണ്ണ: ഊട്ടി റോഡിലെ മൊബൈൽഷോപ്പും ടെക്സ്റ്റൈൽസും കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി പുതുവൻ പുത്തൻവീട്ടിൽ ഷൈജുവിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിളയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 13ന് രാത്രിയായിരുന്നു മോഷണം. മൊബൈൽ ഷോപ്പിന്റെ പിന്നിലെ ചുമർ തുരന്നും ടെക്സ്റ്റൈൽസിന്റെ മുകളിലെ ഗ്ലാസ് ജനൽ നീക്കിയുമായിരുന്നു മോഷണം.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ടൗണിലെ ഓട്ടോക്കാരിൽനിന്നും ടാക്സി ഡ്രൈവർമാരിൽ നിന്നും വിവരം ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സമാന രീതിയിൽ മോഷണം നടത്തുന്ന മുൻ കുറ്റവാളികളെ കുറിച്ച് അന്വേഷണത്തിൽ നിന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചു. പ്രതിയെ കടകളിലെത്തിച്ച് തെളിവെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.