മുഖ്യമന്ത്രി ഐസിസിൽ ചേർന്നുവെന്ന് പറഞ്ഞ പ്രജു എവിടെ? മതം മാറിയത് കൂടുതൽ വിവാഹം കഴിക്കാനെന്ന് ആരോപണം

കോഴിക്കോട്: കഴിഞ്ഞ ദിവസം ഐസിസിൽ ചേർന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇങ്ങനെയൊരു വ്യക്തിയെ കുറിച്ച് സംസ്ഥാന പൊലീസിനോ ഇന്റലിജൻസിനോ യാതൊരു വിവരവുമില്ലെന്നതാണ് സംഭവം കൂടുതൽ ഗൗരവകരമാക്കുന്നത്. കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പ്രജുവെന്ന ആളെ കാണാതായി എന്ന് ഭാര്യ നൽകിയ ഒരു പരാതി മാത്രമാണ് ഇതുവരെയായും പൊലീസ് രേഖകൾ പ്രകാരം ഉള്ളത്. 2015ലാണ് ഇയാളെ കാണ്മാനില്ലെന്ന് കാട്ടി പനായി സ്വദേശിനിയായ ഭാര്യയുടെ പരാതി ലഭിച്ചത്. എന്നാൽ ഈ പ്രജു ഇപ്പോഴും വിദേശത്തു തന്നെയാണോ അതോ ഐസിസിൽ ചേർന്നോ എന്നതിന് തെളിവുകളൊന്നുമില്ല.

2019 വരെ മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വിദേശത്തു പോയ ശേഷം ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ഭീകരസംഘടയിൽ അംഗങ്ങളായി എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. അക്കൂട്ടത്തിലാണ് ബാലുശ്ശേരി തുരുത്യാട് സ്വദേശിയായ പ്രജുവിന്റെ പേരും ഉൾപ്പെട്ടത്.

കിനാലൂർ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായിരുന്നു പ്രജു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ഭാര്യയ്ക്കും വീട്ടുകാർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ആളായതിനാൽ ഐസിസിൽ ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഭാര്യ പറഞ്ഞു. ഒമ്പതു വർഷം മുമ്പ് ഭർത്താവ് തന്നെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങിയിരുന്നെന്നും പിന്നീട് വേറൊരു വിവാഹം കഴിച്ചതായി അറിഞ്ഞെന്നും ഭാര്യ പറഞ്ഞു. ഇതുവരെ നാലു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് അറിവെന്നും കൂടുതൽ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് മതം മാറിയതെന്നും ഭാര്യ പറഞ്ഞു. ഏതായാലും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രജുവിന്റെ പേര് പറഞ്ഞതോടെ ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി വിവിധ അന്വേഷണ ഏജൻസികൾ ഭാര്യയെ സമീപിച്ചിട്ടുണ്ട്.