കാക്കനാട് എം.ഡി.എം.എ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ’ സുസ്മിത അറസ്റ്റിൽ

കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് .

പ്രതികളെ ജാമ്യത്തിലിറക്കാനും, സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. കാസിം പറഞ്ഞു. ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.