കാടാമ്പുഴ ഇരട്ട കൊലപാതക കേസ്: വീട്ടിൽ കൽപ്പണിക്കാരനായി വന്ന് കാമുകനായി; അവിഹിത ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിൽ വില്ലനായി
മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2,75,000രൂപയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വീട്ടിൽ ജോലിക്കുവന്ന കൽപണിക്കാരൻ 26കാരിയായ യുവതിയുടെ കാമുകനായി മാറുകയും അവസാനം യുവതിയേയും കുഞ്ഞിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. അതി നിഷ്ഠൂരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി വിലയിരുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. അധിക തടവു ശിക്ഷയ്ക്ക് ശേഷമാകും ജീവപര്യന്തം തടവു ശിക്ഷ ആരംഭിക്കുക.

പ്രതി ചെയ്ത ഹീനകൃത്യത്തിന് അർഹമായ ശിക്ഷയാണ് ലഭിച്ചത്. അവിഹിത ബന്ധം മറയ്ക്കാനാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിൽ പ്രതി മുഹമ്മദ് ശരീഫ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രതി കൈഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിരുന്നു.

പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരക്കാരിന്റെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (7) എന്നിവരെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, ഗർഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ പ്രതിയും കാമുകനായ വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫ് (42) കൊടുക്രൂരത ചെയ്തത്. കാടാമ്പുഴ പുലിക്കണ്ടം വലിയപീടിയേക്കൽ മരക്കാരുടെ മകൾ ഉമ്മുസൽമയേയും ഏഴുവയസ്സുകാരനായ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതികൊലപ്പെടുത്തിയത്. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ കാരക്കോട് മേൽമുറിയിലെ വീട്ടിൽ കാവുംപുറം സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു ഇതിനിടെ വീട്ടിൽ കൽപണിക്ക് വന്നാണ് ഷരീഫ് ഉമ്മുസൽമയുമായി അടുപ്പം സ്ഥാപിക്കുന്നത്.

നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. തുടർന്നു ഷരീഫിൽ നിന്നും ഉമ്മുസൽമ ഗർഭം ധരിച്ചു. ഇക്കാര്യം തന്റെ ഭാര്യ അറിയുമെന്ന ഭീതിയിൽ 2017 മെയ് 22ന് രാവിലെ 10 മണിക്ക് ഉമ്മുസൽമ താമസിക്കുന്ന വീട്ടിലെത്തിയ ഷരീഫ് ഉമ്മുസൽമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. തുടർന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവം കണ്ട മകനെയും പ്രതി ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു.

പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ പ്രതിയുടെ അക്രമത്തിനിടെ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു. മെയ് 25ന് വീടിനകത്തു നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2017 ജുൺ നാലിന് കരിപ്പോളിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി സി ഐ കെ എം സുലൈമാൻ പ്രതി ഷരീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കാനിരിക്കെ പ്രതി സ്വന്തം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി വാസുവാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.