ശോഭാ സുരേന്ദ്രനേയും അൽഫോൻസ് കണ്ണന്താനത്തെയും ബിജെപി നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. അൽഫോൻസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും. അതേസമയം മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ ശോഭാ സുരേന്ദ്രൻ.
ഒ രാജഗോപാലും നിർവാഹക സമിതി പട്ടികയിൽ ഇല്ല. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എപി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കൻ വക്താവായും തുടരും. ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നത്. പാലക്കാട്ട് മത്സരിച്ച് തോറ്റെങ്കിലും നല്ല മത്സരം കാഴ്ച വച്ചു. അതിന് ശേഷം കേരളത്തിലെ നേതൃത്വം ശ്രീധരന് വേണ്ടത്ര പരിഗണനകൾ നൽകിയില്ലെന്ന വിമർശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി ശ്രീധരനെ മാറ്റുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വത്തിലും പുനഃസംഘടനയുണ്ടായിരുന്നു. ഇതിന് പിന്നാലെ ദേശീയ നിർവ്വാഹക സമിതിയിൽ മാറ്റങ്ങൾ വരുത്തി ചില സൂചനകൾ കൂടി കേന്ദ്ര നേതൃത്വം നൽകുന്നുണ്ട്. അതിലൊന്നാണ് ശോഭാ സുരേന്ദ്രന്റെ ഒഴിവാക്കൽ.
കുമ്മനം രാജശേഖരനേയും ദേശീയ നേതൃത്വം അംഗീകരിക്കുകയാണ്. കേരളത്തിലെ ഗ്രൂപ്പ് പോരിന് പുതിയ തലമുണ്ടാകാതിരിക്കാനാണ് പികെ കൃഷ്ണദാസിനെ ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമാക്കുന്നത്. പ്രത്യേക ക്ഷണിതാവായി കൃഷ്ണദാസിനെ ഉൾപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതോടെ വി മുരളീധര പക്ഷത്തിന് കേന്ദ്ര നേതൃത്വത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്ന വിലയിരുത്തൽ എത്തുകയാണ്. അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജിപി നദ്ദയുമായുള്ള അടുപ്പമാണ് തുണയാകുന്നത്. ബിജെപിയിലെ ന്യൂനപക്ഷ മുഖമായി അബ്ദുള്ള കുട്ടി തുടരും.
ബിജെപി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രനും നിർവ്വാഹകസമിതിയിൽ അംഗമാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് നിർവ്വാഹക സമിതി അംഗങ്ങളെ നിർദ്ദേശിച്ചത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയവക്താക്കൾ, വിവിധ മോർച്ച അധ്യക്ഷന്മാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷന്മാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവ്വാഹക സമിതിയുടെ ഭാഗമായിരിക്കും.
സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകും എന്ന അഭ്യൂഹങ്ങൾ തള്ളി പുതിയ ഭാരവാഹി പട്ടിക രണ്ടു ദിവസം മുമ്പ് സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. കെ സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടരുമെന്നും ഇതോടെ ഉറപ്പായി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് അധ്യക്ഷന്മാരെ മാറ്റിയത്. കോട്ടയത്തെ ന്യൂനപക്ഷ മുഖമായിരുന്ന ജില്ലാ അധ്യക്ഷൻ നോബിൾ മാത്യുവിനെ മാറ്റി ലിജിൻ ലാലിനെ നിയമിച്ചു. പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അടുത്തിടെ ബിജെപിയിൽ എത്തിയ ഡോക്ടർ പ്രമീളാദേവി, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും. സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നാണ് ബി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കിയത്.
കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും. കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനായ പന്തളം പ്രതാപൻ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയിൽ എത്തിയത്. കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ അവർ പുതിയ വക്താക്കൾ ആകും. സംസ്ഥാന ബിജെപിയിലെ കൃഷ്ണദാസ് പക്ഷ നേതാക്കളായ എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
കഴിഞ്ഞ പുനഃസംഘടനയിൽ ഇരുവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച പ്പോഴും ഇരുവരും ജനറൽസെക്രട്ടറി സ്ഥാനത്തെ തിരിച്ചെത്തിയില്ല എന്നത് ശ്രദ്ധേയം. അതേസമയം എം ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരും.