ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ (60) നെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. സംശയവും അതേ തുടർന്നുള്ള കുടുംബ വഴക്കുമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് ലൈറ്റിടുകയും കിടപ്പുമുറിയിൽനിന്നു പുറത്തേക്കു പോകുകയും ചെയ്തു. അപ്പോഴൊന്നും ഭാര്യ എഴുന്നേറ്റില്ല. ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാബു തലയിണയ്ക്കടിയിൽ കരുതിെവച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് മൂന്നു വെട്ടേറ്റ ശാന്ത തത്ക്ഷണം മരിച്ചു. സംഭവം നടക്കുമ്പോൾ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ ബാബുവിന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്‌സും ബാബുവിന്റെ രണ്ടാമത്തെ മകൻ ബ്രിജിത്തും ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, അവരാരും സംഭവം അറിഞ്ഞില്ല.
കൃത്യത്തിനു ശേഷം സ്‌കൂട്ടറിൽ പുറത്തേക്കു പോയ ബാബു തിരിച്ചെത്തി അയൽവീട്ടിലെത്തി വിളിച്ചുണർത്തി താൻ ഭാര്യയെ വെട്ടിക്കൊന്നുവെന്ന് പറയുകയായിരുന്നു. അയൽവീട്ടിലെത്തി പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ തിരക്കിയ ബാബു, അവരോട് സ്റ്റേഷനിൽ വിളിച്ച് തന്റെ ഫോൺ നമ്പർ കൊടുക്കാൻ പറഞ്ഞു. താൻ ഇവിടെത്തന്നെ കാണുമെന്നു പറഞ്ഞ പ്രതി വീട്ടുപരിസരത്തുതന്നെ കാത്തുനിന്നു.
അയൽവീട്ടുകാർ അപ്പോൾത്തന്നെ മകൻ ബ്രിജിത്തിനെയും പോലീസിനെയും വിവരം അറിയിച്ചു. മുകളിലത്തെ നിലയിൽനിന്ന് മകൻ ഇറങ്ങിവന്ന് നോക്കുമ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് മകനും പോലീസിനെയും അടുത്ത ബന്ധുക്കളെയും വിവരം അറിയിച്ചു.
രാത്രികാല പട്രോളിങ്ങിലായിരുന്ന എ.എസ്.ഐ. പി.വി. ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും പ്രതി പോലീസിന് കൈമാറി.
മാമ്മലശ്ശേരി ഇല്ലിക്കൽ കുടുംബാഗമാണ് ശാന്ത. ബ്രിജിൻ, ബ്രിജേഷ് (ഇരുവരും ദുബായ്) എന്നിവരാണ് മറ്റ് മക്കൾ. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന രണ്ടാമത്തെ മകൻ ബ്രിജിത്ത് കെ.ആർ.എൽ. ജീവനക്കാരനാണ്.
ചെത്തുതൊഴിലാളിയായിരുന്ന ബാബു ജോലിയിൽ നിന്നു പിന്മാറിയിട്ട് ഏതാനും വർഷങ്ങളായി. വീട്ടിൽ കൃഷിപ്പണികളുമായി കഴിഞ്ഞിരുന്ന ബാബു അകാരണമായി വഴക്കുണ്ടാക്കിയിരുന്നതായും ഇടയ്ക്കെല്ലാം മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി.
സ്റ്റേഷൻ ഓഫീസർ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐ. മാരായ എം.എ. ആനന്ദ്, കെ.എസ്. ബിനു, കെ. അനിൽ, വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായോ സാമൂഹികമായോ പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബത്തിൽ ഇങ്ങനെയൊരു അരുംകൊല നടക്കാനിടയായ സാഹചര്യമാണ് പോലീസ് അന്വേഷിക്കുന്നത്.
മൃതദേഹം പരിശോധനകൾക്കായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്ച 2-ന് വീട്ടുവളപ്പിൽ.