ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ചതിനോടൊപ്പം നിരവധി വീടുകള്‍  ഭാഗികമായി തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജ് മാതംകുളം ഭാഗത്തു ശക്തമായ മഴയില്‍ വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. അബൂബക്കര്‍ സിദ്ധീഖ് സുമയ്യ ദമ്പതികളുടെ  മക്കളായ ദിയാന ഫാത്തിമ (ഏഴ് വയസ് ) ലുബാന ഫാത്തിമ (ആറ് മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. കുട്ടികളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 13ലെ ചോനാരി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലേക്ക് മകള്‍ സുമയ്യക്കും കുടുംബത്തിനും പണിതുകൊണ്ടിരിക്കുന്ന വീട് തകര്‍ന്ന് മണ്ണും കല്ലും മറ്റു പതിച്ചാണ് കുട്ടികള്‍ മരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു.


താനൂര്‍ വില്ലേജില്‍ നടക്കാവില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ഫയര്‍ ഫോഴ്സും ട്രോമകെയര്‍  ചേര്‍ന്ന് രക്ഷപ്പെടുത്തുകയും അവരെ താനൂര്‍ ശോഭ പറമ്പ് സ്‌കൂളില്‍ ആരംഭിച്ച  ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു.
കാളികാവ് വില്ലേജിലെ വലിയപറമ്പ് മുതുകുറ്റി ഉമ്മറും കുടുംബവും താമസിക്കുന്ന വീടിന്റെ തറ മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷിതയിടത്തേക്ക് മാറിത്താമസിക്കുവാന്‍ താലൂക്കില്‍ നിന്ന് നിര്‍ദേശം നല്‍കി. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.
കൊണ്ടോട്ടി നെടിയിരുപ്പ് വില്ലേജ് പരിധിയില്‍  ചുക്കാന്‍ ഹമീദിന്റെ വീടിനു സമീപം മണ്ണിടിഞ്ഞു കാള ചത്തതായും വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റുന്നതായും വില്ലേജ് ഓഫീസര്‍ അറിയിച്ചു. താനൂര്‍ നടക്കാവില്‍ നാലു വീടുകളില്‍ കൂടി വെള്ളം കയറിയതിനെ തുടര്‍ന്ന് അവരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തിരൂരങ്ങാടി വില്ലേജിലെ വാര്‍ഡ് 23 ല്‍ കോരങ്കണ്ടന്‍ സൈതലവിയുടെ വീടിനോട് ചേര്‍ന്ന ചുറ്റുമതില്‍ കാറ്റിലും മഴയിലും പെട്ട് തകര്‍ന്നു. ചുറ്റുമതിലിനോട് ചേര്‍ന്ന ബാത്ത് റൂമിന്റെ ചുമരിന് വിള്ളലുമുണ്ടായി.
വെളിയകോട് വില്ലേജിലെ നിഷാദ് നാക്കോലയുടെ  വീടിനു മുകളില്‍ തെങ്ങു വീണു ഭാഗികമായി വീട് തകര്‍ന്ന് മൂന്ന് ലക്ഷം രൂപയുടെ  നാശനഷ്ടം സംഭവിച്ചു. പൊന്നാനി താലൂക്കില്‍ ആലംങ്കോട് വില്ലേജില്‍ മുണ്ടത്ത് വളപ്പില്‍ അരുണ പങ്കജത്തിന്റെ വീടും ശക്തമായ മഴയില്‍ ഒരു ഭാഗം ഇടിഞ്ഞ് വീണു.