കാർ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചുപോയി. ഏഴ് പേരെ കാണാതായി. കൂട്ടിക്കല്‍ അടക്കം കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ സഹായം തേടി.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളില്‍ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ വെളളം കയറി. കൈത്തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്

പത്തനംതിട്ടയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റര്‍ മഴ ജില്ലയില്‍ ലഭിച്ചു. നിലവില്‍ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ ആറ്റിലാണ് ഏറ്റവും കൂടുതല്‍ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പമ്പ സ്‌നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊല്ലത്തിന്റെ മലയോര മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ മഴ തുടരുന്നുണ്ട്. നഗരത്തിലും രാവിലെ ശക്തമായ മഴയുണ്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.