സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നര മാസം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പാലക്കാട്: ആലത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇതോടെ കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്‌ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. തമിഴ്നാട്ടിലെ സൂര്യ കൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഗോവയില്‍ വീട് വെച്ച്‌ താമസിക്കണമെന്ന് സൂര്യകൃഷ്ണ വീട്ടിൽ പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ ഗോവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഗോവ പൊലീസിന്‍റെ സഹായത്തോടെ കൂടുതൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ വീട്ടിൽ നിന്ന് പോയത്. പുസ്തകം വാങ്ങാൻ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞാണ് സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തക കടയില്‍ പോയ മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞിട്ടുള്ളത്. അതുവഴി നടന്നു പോകുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ കൃഷ്ണ എവിടേക്ക് പോകുന്നു എന്നതിനെ കുറിച്ച് ഒരു വിവരവും ആരുമായും പങ്കുവെച്ചിട്ടില്ല. സൂര്യ കൃഷ്ണയുടെ ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തി. എന്നാൽ അന്വേഷണത്തിന് സഹായകരമായ ഒരു വിവരവും ഇതുവരെ ലഭിക്കാത്തതാണ് പൊലീസ് സംഘത്തെ കുഴയ്ക്കുന്നത്.