മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം ധനസഹായം
കോട്ടയം: കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന് എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ 11 പേരെയാണ് കണ്ടെത്തിയത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. റോഷ്നി (48), സരസമ്മ മോഹനൻ (57), സോണിയ (46), അലൻ (14), മാർട്ടിൻ എന്നിവരുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോർട്ടം ചെയ്യാൻ കോട്ടയം മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി.
എട്ട് പേരെ കാണാതായ കൊക്കയാറിൽ തെരച്ചിൽ ഊർജിതമാക്കി. ആൻസി(45), ചിറയിൽ ഷാജി(50), പുതുപ്പറമ്പിൽ ഷാഹുലിെന്റെ മകൻ സച്ചു(മൂന്ന്), കല്ലുപുരക്കൽ ഫൈസൽ നസീറിെന്റെ മക്കളായ അപ്പു, മാളു, ഫൈസലിെന്റെ സഹോദരി ഫൗസിയ മക്കളായ അഹ്യാൻ, അഫ്സാന എന്നിവരേയാണ് കാണാതായത്. കൊക്കയാര് പൂവഞ്ചിയിൽ മൂന്നുവീടുകൾ ഒലിച്ചുപോയി.
അതിനിടെ പലയിടങ്ങളിലും വീണ്ടും മഴ കനത്തു. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റി.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് യുവാവും യുവതിയും മരിച്ചു. കാഞ്ഞാർ-മണപ്പാടി റോഡിലാണ് അപകടം. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടി വീട്ടിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽ പുത്തൻപുരയിൽ നിമ കെ. വിജയൻ (32) എന്നിവരാണ് മരിച്ചത്.
കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തുമാണ് ഉരുൾ പൊട്ടിയത്. കൂട്ടിക്കലിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ പുറത്തെത്തിക്കാൻ വ്യോമസേനയുടെ സഹായം തേടി.