അവധി ചോദിച്ചു തന്നില്ല; സസ്‌പെന്‍ഡ് ചെയ്ത് സഹായിച്ച കൊണാണ്ടര്‍മാർ അറിയാൻ

കോട്ടയം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ നടപടിയില്‍ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫേസ്ബുക്കിലൂ‍ടെ രൂക്ഷപ്രതികരണം നടത്തിയത്.
പൂഞ്ഞാര്‍ സെന്റ്‌മേരീസ് പള്ളിക്ക് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചത്. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെന്‍ഷന്‍ വലിയ അനുഗ്രമായെന്നാണ് ജയദീപ് കുറിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു. ‘എന്നെ സസ്‌പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’

തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോള്‍ യാത്രക്കാര്‍ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു.

ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎന്‍ടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്‌പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.

ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് കഴിഞ്ഞ ദിവസം അകപ്പെട്ടത്. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല.

നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന പേരിലായിരുന്നു ഡ്രൈവര്‍ ജദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.