മകന് കൊടുത്ത മീൻകഷണം വലുതായിപ്പോയി, ഭാര്യയെയും മകനെയും ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീൻ കഷണം മകനുനൽകിയതിൽ കലിപൂണ്ട് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദ്ദിക്കാൻ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൂവരും ചേർന്ന് പൊലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ച വിഴിഞ്ഞം എസ് ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജുവിനെ അറസ്റ്റുചെയ്ത്.